ഇത് തികച്ചും ഒരു നാടന്‍ കറിയാണ്. സാമ്പാര്‍, പരിപ്പ്, തീയല്‍ ഒക്കെ കഴിച്ചു മടുക്കുമ്പോള്‍ ഉണ്ടാക്കാന്‍ പറ്റിയ, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "ഒഴിച്ച് കൂട്ടാന്‍" അലെങ്കില്‍ ഒഴിച്ച് കറിയാണ്.
ചേരുവകള്
ടൊമാറ്റോ - 2
തേങ്ങ തിരുമ്മിയത് - 1 കപ്പ്
പച്ചമുളക് - 4 - 6 എണ്ണം
ചുവന്നുള്ളി - 5 -6 എണ്ണം
ജീരകം - 1 /2 tsp
നാരങ്ങ നീര് - 2 tsp
ഉപ്പ് - പാകത്തിന്
വെള്ളം - പാകത്തിന്
കടുക് - 1 /2 tsp
വറ്റല്‍ മുളക് - 2
കറിവേപ്പില - 2 തണ്ട്
എണ്ണ - 2 tsp
ടൊമാറ്റോ ഇഷ്ടമുള്ള രീതിയില്‍ അരിഞ്ഞ് വയ്ക്കുക. ഇനി തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം തരിയില്ലാതെ നന്നായി അരച്ച് എടുക്കാം.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില പൊട്ടിച്ച ശേഷം അരച്ച് വച്ചിരിക്കുന്ന കൂട്ടും, ഉപ്പും, നാരങ്ങ നീരും അല്പം വെള്ളവും കൂടി ഒഴിച്ച് തിളക്കാന്‍ വയ്ക്കുക. തിളച്ച് തുടങ്ങുമ്പോള്‍ ടൊമാറ്റോ അരിഞ്ഞതും 2 പച്ചമുളക് നീളത്തില്‍ കീറിയതും ചേര്‍ത്ത് ഏകദേശം 2 മിനിട്ട് ആകുമ്പോള്‍ തീ ഓഫാക്കാം. ടൊമാറ്റോ വെന്തു കുഴഞ്ഞു പോകരുത്.
മുന്‍പ് നാരങ്ങ നീരിനു പകരം പുളി പിഴിഞ്ഞതാണ് ഒഴിച്ചിരുന്നത്. പക്ഷെ വാളന്‍ പുളി ശരീരത്തിന് നല്ലതല്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ട് പുളി ചേരുന്ന കറികളില്‍ ഒക്കെ ഞാന്‍ നാരങ്ങ നീരാണ് ചേര്‍ക്കുന്നത്.
എരിവും പുളിയും ഒക്കെയുള്ള നല്ലൊരു കറിയാണ് ഇത്. ഇതിന്റെ കൂടെ നല്ല മത്തി വറുത്തതും കൂടിയുണ്ടെങ്കില്‍ വേറൊരു കറിയും വേണ്ട.
ടോമാട്ടോക്ക് പകരം പച്ച മാങ്ങയും ഇടാം.
No comments:
Post a Comment